ന്യൂഡൽഹി: ഡിജിറ്റൽ മൂല്യനിർണയത്തിനായി അവതരിപ്പിച്ച ഓണ്‍ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിന്റെ ട്രയൽ റണ്ണിൽ ഗുരുതരമായ പോരായ്മകൾ കണ്ടെത്തിയിട്ടും അതു സിബിഎസ്ഇ അവഗണിച്ചതായി റിപ്പോർട്ട്.
ഉത്തരപേപ്പറുകൾ നേരിട്ടു പരിശോധിക്കുന്നതിനു പകരം അതിന്റെ സ്കാൻ ചെയ്ത കോപ്പികൾ മൂല്യനിർണയം നടത്തുന്നതിനുള്ള പുത്തൻ പരിഷ്കാരം ആദ്യമായാണ് സിബിഎസ്ഇ നടപ്പിലാക്കിയതെങ്കിലും അതിനുമുന്നോടിയായി കൃത്യമായ ഒരുക്കങ്ങൾ നടത്തിയില്ല.
ഫെബ്രുവരിയിൽ നടന്ന സിബിഎസ്ഇ പരീക്ഷയ്ക്ക് ഒരു മാസം മുന്‍പ് ഒഎസ്എം സംവിധാനത്തിന്റെ ട്രയൽ റണ്‍ ഡൽഹിയിൽ നടന്നെന്നും അതിൽ പങ്കെടുത്തവർ നിരവധി സാങ്കേതിക വീഴ്ചകൾ സിബിഎസ്ഇക്ക് റിപ്പോർട്ട് ചെയ്തെന്നും ദേശീയ ദിനപത്രമാണ് ചൂണ്ടിക്കാട്ടിയത്.
മാർക്ക് രേഖപ്പെടുത്തുന്നതിലടക്കമുണ്ടാകുന്ന തകരാറുകൾ ട്രയലിൽ പങ്കെടുത്തവർ ബോധ്യപ്പെടുത്തിയെങ്കിലും ഇതെല്ലാം അവഗണിച്ച് ഒഎസ്എം സംവിധാനംതന്നെ നടപ്പിലാക്കുകയായിരുന്നു.
ധൃതിപ്പെട്ട് ഈ സംവിധാനം നടപ്പിലാക്കേണ്ടതില്ലെന്നും ഉത്തരപേപ്പറുകൾ ആദ്യമായി ഡിജിറ്റൽ മൂല്യനിർണയം നടത്തുന്നവർക്ക് പരിശീലനം നൽകണമെന്നതുമുൾപ്പെടെയുള്ള നിർദേശങ്ങൾ സിബിഎസ്ഇ മുഖവിലയ്ക്കെടുത്തിരുന്നില്ലെന്നും വിമർശനമുയരുന്നുണ്ട്.